പ്രണയങ്ങളിൽ മുസ്‌ലിം പുരുഷനാണ് അപ്പുറത്തെങ്കിൽ ഹിന്ദുത്വ യുക്തിയിലുള്ള ലവ് ജിഹാദ് ആരോപണങ്ങൾ, അതിനെതുടർന്നുള്ള ഹിന്ദുത്വ ഫാഷിസ്റ്റ് സംഘടനകളുടെ ആൾക്കൂട്ട ആക്രമണങ്ങൾ - പ്രതിഷേധങ്ങൾ, പോലീസിലെ ജാതി അവഹേളനങ്ങളും അവഗണനകളും, നീതി നിഷേധങ്ങള്‍… അങ്ങനെയൊരു ടിപ്പിക്കൽ ഇന്ത്യൻ മിനിയേച്ചർ തന്നെയാണ് രാജസ്ഥാൻ ഭൂമികയിലൂടെ 'Dahaad' കാട്ടിത്തരുന്നത്.
കീഴ്ജാതിക്കാരിയായ ഉദ്യോഗസ്ഥയ്ക്ക് എത്ര ഉയർന്ന റാങ്ക് പദവിയുണ്ടായിട്ടും ഫലമില്ല. അവർ കടന്നുപോകുമ്പോഴെല്ലാം ചന്ദനത്തിരി കത്തിച്ച് ‘ശുദ്ധീകരിക്കു’ന്ന സിവില്‍ പോലീസ് ഓഫീസര്‍മാരും ജാതിമേൽക്കോയ്മയിൽ ഊറ്റം കൊള്ളുന്ന പ്രമാണിമാരുമുള്ളപ്പോൾ ഭരണഘടനയിലും നിയമവ്യവസ്ഥയിലുമൂന്നിനിന്ന് ‘നിങ്ങളുടെയൊക്കെ പാരമ്പര്യത്തിന്റെ കാലം കഴിഞ്ഞു’ എന്ന് ധീരതയോടെ പറഞ്ഞുകൊണ്ടു മാത്രമേ മുന്നോട്ടുപോകാനാകൂ എന്ന് സീരീസ് കാട്ടി തരുന്നുണ്ട്.
'Dahaad' ഒരു സീരിയൽ കില്ലർ ഡ്രാമയാണെങ്കിലും വിവാഹത്തിന്റെ പേരിലുള്ള സാമൂഹിക സമ്മർദ്ദം സ്ത്രീകളെ എത്രമാത്രം ദുർബലരാക്കുന്നു എന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ഈ സീരിസിന്റെ പ്രാധാന്യവും അതുതന്നെയാണ്. സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനും അവകാശത്തിനും ഊന്നൽ നൽകികൊണ്ടുള്ള ഈ സീരിസ് ആരും മിസ് ചെയ്യരുത്.